തിരുവനന്തപുരം: സി.എം.ആര്‍.എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജൻ രംഗത്ത്. റെയ്ഡ് കഴിഞ്ഞ ഉദ്യോഗസ്ഥര്‍ പക്വമായ നിലപാട് ആണോ സ്വീകരിച്ചത് എന്ന ചോദ്യമാണ് ജയരാജൻ ഉന്നയിക്കുന്നത്. ബോധപൂര്‍വ്വം ഒരു പ്രശ്‌നം ഉണ്ടാക്കാനാണ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്നും ജയരാജന്‍ പറഞ്ഞു. സാധാരണഗതിയില്‍ എന്താണ് ചെയ്യേണ്ടത്. വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുന്നു.
മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകാന്‍ പറ്റുമോ? സ്വാഭാവികമായി പ്രതികരണം ഉണ്ടാവില്ലേ? ഇവിടെ പിണറായിയില്‍ എല്ലാവരെയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്. എന്തെങ്കിലും ഉണ്ടായോ? എന്തുകൊണ്ടാണ്? തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോള്‍ ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേയെന്നും ജയരാജൻ ചോദിച്ചു.
ഇ.ഡി വാഹന ആക്രമണം; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെയുണ്ടായ അക്രമ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി റവാഡ ചന്ദ്രശേഖറിനെ വിളിപ്പിച്ചു. സംഭവത്തിൽ ഡി.ജി.പി വിശദീകരണം നൽകും. മന്ത്രിയുടെ വീട്ടിലേക്കാണ് വിളിപ്പിച്ചത്. കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡി.ജി.പിയും ഫയർഫോഴ്സ് മേധാവിയുമായിരുന്ന എ. ഹേമചന്ദ്രനും പങ്കെടുക്കുന്നുണ്ട്.
ബുധനാഴ്ച ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ എന്നിവരാണ് പിടിയിലായത്. കേസിൽ ഇതുവരെ ഏഴുപേരാണ് പിടിയിലായത്. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിനെ തുടർന്ന് വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി. ഇ.ഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിനും ഡ്രൈവറായ ശ്യാമിനും പരിക്കേറ്റെന്നും മൊഴിയുണ്ട്.
ഇ.ഡി റെയ്ഡ് നടത്തിയ സാഹചര്യത്തിൽ അക്രമം നടത്തിയ മുഴുവൻ ആളുകളുടെയും പേരിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതിൽ പ്രതികളായിട്ടുള്ള കൂടുതൽ ആളുകളുടെ ചിത്രങ്ങൾ പൊലീസിന്റെ കയ്യിലുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ഒരാളെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങൾക്ക് സ്വൈര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണെന്നും ചെന്നിത്തല ഫേസ് ബുക്കിൽ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ 10- വർഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘർഷം ഉണ്ടാക്കുന്നത്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് സംഘർഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

