പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം-ഭരണസമിതി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് പോലീസിന് ലഭിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി. തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയതെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഭരണസമിതി നേരിട്ട് ക്ഷേത്രത്തിൽ പരിശോധന നടത്തിയെന്നും ഭരണസമിതി അറിയിച്ചു. ശ്രീപത്മനാഭസ്വാമി വിഗ്രഹത്തിൽ ചാർത്തുന്ന വൈരനാമവും ദീപാരാധന തട്ടും ക്ഷേത്രത്തിൽ ഉണ്ട്. നമ്പിയുടെ നിർദ്ദേശപ്രകാരം വൈരനാമം ഇന്ന് ജില്ലാ ജഡ്ജി കൂടിയായ ഭരണ സമിതി ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ വിഗ്രഹത്തിൽ ചാർത്തി. നടവരവായി ലഭിച്ച സ്വർണത്തിൽ 72 ഗ്രാം കുറവാണെന്ന പരാതി ശരിയല്ലെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ലെന്ന് തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയത്. റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെടുമെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *