ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വനിതാ സംഘടനകള്‍ക്കും പ്രതിഷേധമില്ല: അഡ്വ. ജയശങ്കര്‍

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. സ്ത്രീസുരക്ഷയ്ക്കായി വേവലാതിപ്പെടുന്ന വനിതാ സംഘടനകളുടെ സംസാരശേഷി നഷ്ടപ്പെട്ടു പോയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ജലന്തര്‍ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തര്‍ വരെ പോയെങ്കിലും ഡിജിപി ഏമാന്‍ തിരിച്ചു വിളിച്ചു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോര്‍ജും ബിഷപ്പിന്റെ കാര്യത്തില്‍ (മാത്രം) ഒറ്റക്കെട്ടാണ്.

സ്ത്രീസുരക്ഷയെ പറ്റി വേവലാതിപ്പെടുന്ന ഒട്ടേറെ വനിതാ സംഘടനകളുണ്ട് നമ്മുടെ നാട്ടില്‍. സഖാവ് ജോസഫൈന്‍ നയിക്കുന്ന വനിതാ കമ്മീഷനുണ്ട്. കെആര്‍ ഗൗരിയമ്മ മുതല്‍ ചിന്താ ജെറോം വരെയുള്ള ധീരനേതാക്കളുണ്ട്. ഡോക്ടര്‍ ദേവിക മുതല്‍ ദീപാ നിഷാന്ത് വരെ അസംഖ്യം സാംസ്‌കാരിക നായികമാരുണ്ട്. സകലര്‍ക്കും സംസാരശേഷി നഷ്ടപ്പെട്ടു പോയി.

നീതി തേടി ഏതാനും കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹം നടത്തുന്നതു വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. അവിടെ നിന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമേയുളളൂ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അരമനയിലേക്ക്. പക്ഷേ, പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാന്‍ ആരുമില്ല.

ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടര്‍ന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *