സ്വർണവിലയിൽ കനത്ത ഇടിവ്

സ്വർണവില ആഭരണരപ്രേമികൾക്ക് വൻ ആശ്വാസം സമ്മാനിച്ചും നിക്ഷേപമായി സ്വർണത്തെ കണ്ടവർക്ക് കനത്ത ആശങ്ക നൽകിയും കുത്തനെ കുറഞ്ഞു. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 275 രൂപ താഴ്ന്ന് വില 14,000 രൂപയായി. 2200 രൂപ കുറഞ്ഞ് 1,12,000 രൂപയാണ് പവൻവില.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച. യുഎസിൽ തൊഴിൽവിപണി പ്രവചനങ്ങളെയെല്ലാം പൊളിച്ചടുക്കി അതിശക്തിമായി കരകയറിയത് സ്വർണത്തിന് ആഘാതമാവുകയായിരുന്നു. അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറ്റത്തിന്റെ പാതയിലാണെന്ന സൂചനയാണ് തൊഴിൽവിപണി നൽകുന്നത്. ഈ സാഹചര്യത്തിൽ, സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയാറാവില്ലെന്ന വിലയിരുത്തലും ഉയർന്നു.

പലിശനിരക്ക് ദീർഘകാലം ഉയർന്ന തലത്തിൽതന്നെ തുടരുമെന്ന നിരീക്ഷണം ഡോളറിനെയും കടപ്പത്ര ആദായനിരക്കിനെയും (ബോണ്ട് യീൽഡ്) ശക്തിപ്പെടുത്തി. ഇതോടെ സ്വർണ നിക്ഷേപ പദ്ധതികൾ (ഗോൾഡ് ഇടിഎഫ്) വിറ്റൊഴിയൽ സമ്മർദം നേരിട്ടു.

ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണ ഡിമാൻഡിനെ ബാധിക്കുമെന്ന വിലയിരുത്തലും വിലയിടിവിന് വഴിവച്ചു. രാജ്യാന്തരവില ഔൺസിന് 148.66 ഡോളർ താഴ്ന്ന് 4238.6 ഡോളറിലെത്തി. മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *