അൻസിബ ഹസൻ – ലക്ഷ്മിപ്രിയ തർക്കം രൂക്ഷം: അൻസിബക്കെതിരെ  10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

കൊച്ചി: നടിമാരായ അൻസിബ ഹസൻ – ലക്ഷ്മിപ്രിയ തർക്കം രൂക്ഷമാകുന്നു. അൻസിബക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബയ്ക്ക് പിന്നിൽ മത-വർഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

അൻസിബ നേരത്തേ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെൽ എസ്ഐ രേഷ്മയ്ക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് മാനനഷ്ടക്കേസ് നൽകുമെന്ന പുതിയ പ്രഖ്യാപനം. ലക്ഷ്മിപ്രിയ അൻസിബക്കെതിരെ നൽകിയ പരാതിയിലും കഴമ്പില്ലെന്ന രീതിയിലാണ് പൊലീസ് റിപ്പോർട്ട് എന്നാണ് വിവരം.

എന്നാൽ ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷ്മിപ്രിയ, അൻസിബയുടെ നീക്കങ്ങൾക്ക് പിന്നിൽ മത, വർഗീയ ശക്തികളുണ്ടെന്ന് താൻ സംശയിക്കുന്നതായും ആരോപിച്ചു. 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും തന്റെ മകളെപ്പോലും അൻസിബ അധിക്ഷേപിച്ചെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറി കൂടിയാണ് അൻസിബ ഹസൻ. തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മ തന്നെ സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി തടഞ്ഞുവച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ പ്രധാന ആരോപണം. എന്നാൽ എസ്‌ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് ഭാഷ്യം. അൻസിബയെ മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ലെന്നും കൃത്യമായി ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് അവിടെ ഇരുന്നതെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

അൻസിബയുടേതായി വന്ന ഒരു വാട്സാപ്പ് സന്ദേശം തന്റെ കുടുംബജീവിതത്തെ ബാധിക്കുന്നതാണെന്ന് കാണിച്ച് ജനുവരിയിലാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ അറിയിച്ചത്. ഇത് താൻ ഒരു ഗൗരവമുള്ള പരാതിയായി റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വെറും ഒരു വിഷമമായി പറയുക മാത്രമാണുണ്ടായതെന്നും ലക്ഷ്മിപ്രിയ പറയുന്നു. ജനുവരി 30ന് വനിതാ സെല്ലിൽ വച്ച് രണ്ടുപേരും കൈകൊടുത്ത് തീർത്ത പ്രശ്നമാണിത്. ആകെ 20 മിനിറ്റ് സമയം മാത്രമാണ് എല്ലാവരും കൂടി ഒരുമിച്ചിരുന്നത്. ബാക്കി സമയമത്രയും തന്റെ ഭർത്താവിനോട് ഫോണിൽ സംസാരിക്കുകയാണ് ചെയ്തത്. എന്നാൽ ജനുവരിയിൽ എന്നോ കഴിഞ്ഞുപോയ ഈ വിഷയം മേയ് പകുതിയോടെ പുതിയ ആരോപണങ്ങളായി പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് വലിയ വിവാദമാക്കിയതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു.

അതേസമയം, കഴമ്പില്ലാത്ത പരാതിയുടെ പുറത്താണ് തന്നെ വനിതാ സെല്ലിലേക്ക് വിളിപ്പിച്ചതെങ്കിൽ എന്തിനാണ് തന്നെ 3 മണിക്കൂറോളം അവിടെ പിടിച്ചിരുത്തിയതെന്ന് അൻസിബ ചോദിക്കുന്നു. രാവിലെ 10.45ഓടെ സ്റ്റേഷനിലെത്തിയ താൻ അവിടുത്തെ റജിസ്റ്ററിൽ ഒപ്പു വച്ചിട്ടുണ്ടെന്നും അവിടെ തയാറാക്കിയ മാപ്പപേക്ഷയുടെ ഫോട്ടോ എടുത്തത് ഉച്ച കഴിഞ്ഞ് 3 മണിക്കുമാണെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *