ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ബുധനാഴ്ച 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കണം

തിരുവനന്തപുരം: ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈഡേ ആചരിക്കാൻ നിർദേശം. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ഉറപ്പാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു. വെള്ളം കെട്ടിനിന്ന് കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് ഡ്രൈഡേ ആചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിലും ഇതു തുടരും.

ബുധനാഴ്ച 105 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 313 പേർ രോഗം സംശയിച്ച് ചികിത്സയിലുണ്ട്. രണ്ടുപേരുടെ മരണം ഡെങ്കി മൂലമാകാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പകർച്ചപ്പനി ബാധിതരുടെ എണ്ണം 12191 ആയും ഉയർന്നു.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *