ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്.
കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കിക്കൊണ്ട് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട്ടിലെ ടിവികെ സർക്കാർ സ്വീകരിച്ചത്.
സുപ്രീം കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ച് നിലവിലുള്ള അണക്കെട്ട് അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താനാണ് തമിഴ്നാട് സർക്കാർ ഉദ്ദേശിക്കുന്നത്. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തെ പൂർണമായും നിരാകരിച്ച സർക്കാർ, നിലവിലെ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ പ്രശ്നത്തിന് പുറമെ, സംസ്ഥാനത്തിന്റെ ഭാഷാ നയത്തിലും ടിവികെ സർക്കാർ വ്യക്തത വരുത്തി. തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന ദ്വിഭാഷാ നയം തന്നെയാകും സംസ്ഥാനത്ത് തുടരുകയെന്നും, ത്രിഭാഷാ നയത്തോട് യോജിപ്പില്ലെന്നും സർക്കാർ ആവർത്തിച്ചു. കൂടാതെ, മുൻ സർക്കാരിന്റെ കാലത്ത് ലഹരിവ്യാപനം തടയുന്നതിൽ വീഴ്ചയുണ്ടായെന്നും നയപ്രഖ്യാപനത്തിൽ വിമർശനമുയർന്നു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി നിയമസഭയിൽ ഇത്തവണ വന്ദേമാതരം ആലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പാടിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇത്തവണ ‘തമിഴ് തായ്‌വാഴ്ത്ത്’ പാടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇതിന് പിന്നാലെ ദേശീയ ഗാനവും ആലപിച്ചു.

