പത്തനംതിട്ട: അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി വിനോദ് കുമാർ. ഗവി-മീനാറില്‍ വനത്തിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശി മേനകയാണ് മരിച്ചത്.
ഗവിയില്‍ താമസിക്കുന്ന യുവതി മീനാറിലെ അങ്കണവാടിയിലാണ് ജോലിചെയ്യുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഇവര്‍ ഗവിയില്‍നിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മൂന്നുകിലോമീറ്റര്‍ അകലെയാണ് അങ്കണവാടി. പൂര്‍ണമായും വനത്തിനുള്ളിലൂടെയാണ് അങ്കണവാടിയിലേക്കുള്ള പാത. വഴി മധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വാക്ക് തർക്കത്തിനിടയിൽ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിക്കുകയായിരുന്നുവെന്നും എന്നാൽ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ ഇത് പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പത്തനംതിട്ട എസ്പി എത്തി കസ്റ്റഡിയിൽ വാങ്ങും.
അതേസമയം, അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്ന് വിവരം. സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ഫോൺ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് ബന്ധുക്കൾ സംശയിച്ചു. ഇതോടെ അങ്കണവാടിയിലേക്കുള്ള മൂന്നു കിലോമീറ്ററോളം ദൂരം ബന്ധുക്കള്‍ യുവതിയെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അങ്കണവാടിയ്ക്ക് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തുകയാണ് ഉണ്ടായത്. ഉടൻ തന്നെ മൂഴിയാർ പൊലീസിൽ വിവരം അറിയിച്ചു.
ഇതിനിടെ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായും പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസില്‍ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്സാക്ഷിയെന്ന് കരുതുന്നയാൾ പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും സന്ദേശം കൂടി ലഭിച്ചതോടെ പോലീസ് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു. മരിച്ച യുവതിയുടെ ഭര്‍ത്താവ് സുരേഷ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഒരു കുട്ടിയുണ്ട്.

