ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ (കണ്ണെണ്ണ) വില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ പെട്ടെന്ന് കുറവുണ്ടാകാൻ സാധ്യതയില്ലെങ്കിലും, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെയും (Commercial LPG) വ്യോമയാന ഇന്ധനത്തിന്റെയും (ATF) വില കുറയ്ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂലൈ ഒന്നിന് ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിലും താഴേക്ക് എത്തിയിരുന്നു.
പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ഹോർമുസ് ഇടനാഴി തുറന്നു
പശ്ചിമേഷ്യൻ മേഖല സമാധാന പാതയിലായതും ഒപ്പം തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) കപ്പൽ ഗതാഗതം പുനരാരംഭിച്ചതുമാണ് രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിയാൻ കാരണമായത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 65 ഡോളർ വരെ താഴുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ പ്രവചനം.
ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന നിർണായകമായ ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെയായിരുന്നു ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്.
ഇന്ത്യയെ ബാധിച്ച പ്രതിസന്ധി
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഗൾഫ് മേഖലയിൽ നിന്ന് ഹോർമുസ് ഇടനാഴി വഴി മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡ് ഓയിലിന്റെ 40 ശതമാനവും എത്തിയിരുന്നത്. എന്നാൽ ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗൾഫിൽ നിന്നുള്ള ക്രൂഡിന്റെ വരവ് കുത്തനെ കുറഞ്ഞു.
പിന്നീട് സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി മെച്ചപ്പെട്ടുവെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സപ്ലൈ പൂർണ്ണമായും നിലച്ചിരിക്കുകയായിരുന്നു. നിലവിൽ ഗതാഗതം പുനരാരംഭിച്ചതോടെ പ്രതിസന്ധിക്ക് അയവ് വന്നിട്ടുണ്ട്.
യുദ്ധ കാലത്ത് എണ്ണക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി കുറച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിച്ചേക്കും. ഡ്യൂട്ടി കുറച്ചതിലൂടെ വന്‍ നഷ്ടമാണ് സര്‍ക്കാര്‍ നേരിടുന്നത്. ക്രൂഡ് വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം തിരുത്തുന്നത്. അതിനുശേഷം മാത്രമേ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇടയുള്ളൂ.

