ലോകകപ്പിനിടെ ദുഃഖവാർത്ത; അർജന്റീന താരത്തിന്റെ ഭാര്യയും മക്കളും വെനസ്വേലയിലെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു

കാരക്കാസ്: ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനിടെ ആരാധകരെ കണ്ണീരിലാഴ്ത്തി ഒരു ദുഃഖവാർത്ത. വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ വെനസ്വേലൻ ഫുട്ബോൾ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ അർജന്റീനൻ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

വെനസ്വേലയിലെ യാരാകുയ് മേഖലയിലുണ്ടായ ഇരട്ടഭൂകമ്പത്തിലാണ് ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ ട്രെജോ, ഐൻഹോവ ട്രെജോ എന്നിവർ മരിച്ചത്. ഭൂകമ്പത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നതിനെ തുടർന്ന് ഇവരെ കാണാതായിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിലാണ് മരണം സ്ഥിരീകരിച്ചത്.

മാരിറ്റിമോയോടൊപ്പം വരാനിരിക്കുന്ന മത്സരത്തിന്റെ തയാറെടുപ്പുകൾക്കായി കാരക്കാസിലായിരുന്നതിനാൽ അപകടസമയത്ത് ട്രെജോ സ്ഥലത്തുണ്ടായിരുന്നില്ല. ‘‘ലൂക്കാസ് ട്രെജോയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോവ ട്രെജോ എന്നിവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ. ലൂക്കാസിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ.’’– മാരിറ്റിമോ ലാ ഗ്വൈറ ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇരട്ടഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലകളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടം ഭൂകമ്പത്തിൽ തകരുകയായിരുന്നു. അപകടത്തിനു പിന്നാലെ തന്റെ കുടുംബത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ലൂക്കാസ് ട്രെജോ സമൂഹമാധ്യമത്തിൽ അഭ്യർഥിച്ചിരുന്നു‘‘പ്ലായ ഗ്രാൻഡെയിലെ ഞങ്ങളുടെ കെട്ടിടം തകർന്നു വീണു. എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. ദയവായി അവർക്കായി പ്രാർഥിക്കുക. ആരെങ്കിലും അവരെ കണ്ടിട്ടുണ്ടെങ്കിൽ ഈ സന്ദേശം പങ്കുവയ്ക്കുക. അവർ അവിടെ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ദയവായി എന്റെ കുടുംബത്തിനായി പ്രാർഥിക്കുക.’’– ട്രെജോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഭൂകമ്പത്തിൽ 920 പേർ മരിച്ചു. 51,000 പേരെ കാണാതായി. 67 ലക്ഷം പേരെങ്കിലും ദുരിതബാധിരായിട്ടുണ്ടെന്ന് യുഎൻ ഏജൻസിയായ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറഞ്ഞു. ഇതിൽ 20 ലക്ഷം പേർ കാരക്കാസിലാണ്.

Leave a Reply

Your email address will not be published. Required fields are marked *