തൃശൂർ: ഇതരസംസ്ഥാനക്കാരുടെ അനാശാസ്യകേന്ദ്രത്തിൽ നടന്ന കൊലപാതകത്തിന് പിന്നാലെ ലോഡ്ജിലെ മുറിയിൽനിന്നും അമ്മയുടെയും നവജാത ശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ ഞെട്ടലിലാണ് തൃശൂർ നഗരം. ചൊവ്വാഴ്ച ഉച്ചയോടെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം വെളിയന്നൂരിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ രണ്ട് ദിവസമായി മുറിയെടുത്ത സ്ത്രീ മുറി തുറക്കാത്തതായി ലോഡ്ജ് ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
എടമുട്ടം സ്വദേശിനി ജ്യോതിയാണ് (28) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ വെളിയന്നൂരിലെ നിയറസ്റ്റ് ലോഡ്ജിൽ മുറിയെടുത്തത്. യുവതിയുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ഇവർ ഇടക്കിടക്ക് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായി വന്ന് മുറി എടുക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാർ പറയുന്നു. ജൂൺ മാസത്തിൽ തന്നെ ഇവർ നാല് തവണ മുറിയെടുത്തിട്ടുണ്ട്.
ഓട്ടോ ഡ്രൈവർ ഇവരോടൊപ്പം ചില ദിവസങ്ങളിൽ താമസിക്കുമായിരുന്നു. വലിയ ബാഗുമായാണ് റൂം എടുക്കാൻ എത്താറുള്ളതെന്നും ലോഡ്ജ് ജീവനക്കാർ പറയുന്നു. ഞായറാഴ്ചയും ഓട്ടോറിക്ഷ ഡ്രൈവർ ഇവരെ റൂമിൽ സന്ദർശിച്ചിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജ്യോതിയെ പുറത്ത് കാണാതായതിനെ തുടർന്ന് ജീവനക്കാർ വാതിലിൽ ശക്തമായി ഇടിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ പൊലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് യുവതിയും കുഞ്ഞും കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹം ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്നു. ഒരു ദിവസത്തിലേറെ പഴക്കമുള്ളതായി സംശയിക്കുന്നുണ്ട്. രാത്രി എട്ടരയോടെ ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ ഒറ്റക്ക് കഴിയുന്ന യുവതിയെ സംബന്ധിച്ച് രണ്ട് വർഷമായി ബന്ധുക്കൾക്ക് കാര്യമായ വിവരം ഒന്നും ഉണ്ടായിരുന്നില്ല.
തുണിക്കടയിൽ നേരത്തേ ജോലി നോക്കിയിരുന്നെങ്കിലും കുറച്ചുകാലമായി പണിക്കൊന്നും പോകുന്നുണ്ടായിരുന്നില്ല. ഓട്ടോറിക്ഷ ഡ്രൈവറെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി നിരന്തരം മുറിയെടുക്കുന്ന ലോഡ്ജ് സംബന്ധിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ലോഡ്ജ് ഉടമയിൽനിന്നും ജീവനക്കാരിൽനിന്നും പൊലീസ് തെളിവെടുപ്പ് നടത്തും. നഗരത്തിന് അധികം ദൂരെയല്ലാതെ വീടുള്ള യുവതി തുടർച്ചയായി ഒരേ ലോഡ്ജിൽ തന്നെ മുറിയെടുത്തതും അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്.
അമ്മയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ജ്യോതിക്കൊപ്പം ഈ സമയങ്ങളിൽ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നതായി അമ്മ പറയുന്നു. നാലുദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ആയി കുഞ്ഞുമായി പോയ ജ്യോതിയുടെ കുട്ടിയെ പിന്നീട് ബന്ധുക്കൾ കണ്ടിട്ടില്ല എന്ന് അമ്മ പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവർക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നും അവർക്ക് വളർത്താനായി കുട്ടിയെ നൽകിയെന്നുമാണ് ജ്യോതി അടുപ്പമുള്ളവരെ അറിയിച്ചിട്ടുള്ളത്.
ഈ കുഞ്ഞിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആർക്കുമില്ല. തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ള ഓട്ടോ ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്യുന്നതിൽനിന്നേ വിവരങ്ങൾ പുറത്തുവരൂ. ഏതാനും നാളുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജ്യോതിയെ കുറിച്ച് ആർക്കും തന്നെ യാതൊരു വിവരവും ഇല്ല എന്നതും രണ്ടാമത്തെ കുട്ടിയുടെ തിരോധാനവും കൂടുതൽ ദുരൂഹത ഉണർത്തുന്നതാണ്.

