ന്യൂഡൽഹി∙ വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിലെ ഭിന്നതയെക്കുറിച്ച് ചോദിച്ചതിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയുമെന്നും നിങ്ങൾ ഇവിടെ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല എന്നുമായിരുന്നു പിണറായിയുടെ മറുപടി. ഡൽഹിയിൽ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ടു പൊളിറ്റ് ബ്യൂറോ അന്തിമ രൂപം നൽകിയ റിപ്പോർട്ട് സിപിഎമ്മിന്റെ പ്രത്യേക കേന്ദ്ര കമ്മിറ്റി ഇന്നു പരിഗണിക്കും. തിരുത്തൽ നടപടി റിപ്പോർട്ടും തിങ്കളാഴ്ച വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിൽ തർക്കം രൂക്ഷമായിരിക്കെയാണു കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. ഈ വിഷയത്തിലെ വിഭാഗീയത കേന്ദ്രകമ്മിറ്റിയിലെ ചർച്ചയിലും പ്രകടമാകുമെന്ന സൂചന നേതാക്കൾ നൽകുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പു വിഷയം മാത്രമാകും സിസിയിൽ ചർച്ചയാകുന്നതെന്നു മുതിർന്ന നേതാക്കൾ പറയുന്നു.

