ഉത്തർപ്രദേശ്: കുപ്പിവെള്ളം വാങ്ങിയ യുവതിക്കു കിട്ടിയത് ആസിഡ്. വെള്ളമാണെന്നു കരുതി കുടിച്ചപ്പോഴാണ് ആസിഡ് ആണെന്നു തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുപ്പിയില്‍ വെള്ളമല്ല, ആസിഡ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിലെ ഹാപുരിലാണ് സംഭവം.
സ്വര്‍ണക്കടയിലെത്തിയതായിരുന്നു യുവതിയും അമ്മയും. ഇതിനിടെ യുവതിക്ക് ദാഹിച്ചപ്പോൾ കടയുടമ തണുത്ത വെള്ളക്കുപ്പി നൽകി. മിനറല്‍ വാട്ടറെന്നു പറഞ്ഞ് നല്‍കിയ വെള്ളക്കുപ്പിയിലാണ് ആസിഡ് ഉണ്ടായിരുന്നത്. ആസിഡ് കുടിച്ച് അവശനിലയിലായ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.

