‘ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം -ഭീഷണിയുമായി എം.എം. മണി

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സി.പി.എം നഗരംപാറ വനംവകുപ്പ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണി ഭീഷണിയും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയത്. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം.

മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേ നടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, എം.എം. മണി പറഞ്ഞു.

താമസിക്കുന്ന സ്ഥലം 150 വർഷം മുമ്പ് വനമായിരുന്നുവെന്ന് പറയുന്ന വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ പുഴയോരത്തോ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് നേരിടേണ്ടിവരും. അത്തരം സാഹചര്യങ്ങളിൽ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് പിന്നെ കാര്യമുണ്ടാവില്ല. അത്തരമൊരു സാഹചര്യം ഉണ്ടാക്കരുതെന്നും എം.എം. മണി പറഞ്ഞു.

വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ‘ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും’ എം.എം. മണി പറഞ്ഞു. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ കടത്തി പറയുന്നില്ല. ആവശ്യമില്ലാത്ത പണികൾ ചെയ്യിക്കരുതെന്നും ഇത്തരം നീക്കങ്ങൾ തുടർന്നാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് വരാൻ മടിക്കില്ലെന്നും മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *