മലപ്പുറം: വഖഫ് ബോര്‍ഡ് കേസിൽ സര്‍ക്കാര്‍ ഹരജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ആരോപണം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിpa salamപി.എം.എ സലാം. പ്രതിപക്ഷ നേതാവ് കള്ളംപറയുകയാണ്. രണ്ട് ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാം എന്ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കേസില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു. സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചല്ലാ രൂപീകരണം എന്നാണെങ്കില്‍ അത് പരിശോധിക്കാം എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ രണ്ട് അമുസ്‌ലിംകളെ വെച്ചോളാമെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ല.
വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നാല് കേസുകളാണുള്ളത്. ഷിയാ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. ബോറ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ല, സാങ്കേതികമായി ബോര്‍ഡിന്റെ രൂപീകരണം തെറ്റാണ് എന്ന് പറഞ്ഞ ഒരു കേസ് ഉണ്ട്. രണ്ട് അമുസ്‌ലിം പ്രതിനിധികളെ വെച്ചിട്ടില്ല എന്ന് പറഞ്ഞ് ഷോണ്‍ ജോര്‍ജ് കൊടുത്ത കേസും ഉണ്ട്. ഇത് നാലും ഒന്നിച്ച് പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ ആരംഭിച്ചത്.
തമിഴ്‌നാട്ടില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വിധികളൊക്കെ വരാനുണ്ട്. അതിനനുസൃതമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുക.
പാര്‍ലമെന്റില്‍ ഈ ബില്ല് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മുതല്‍ അതിശക്തമായ നിലപാട് ലീഗ് സ്വീകരിച്ചിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെയും മതപരമായ കാര്യങ്ങളില്‍ മറ്റു മതവിഭാഗങ്ങള്‍ക്ക് അവസരം കൊടുക്കുന്നത് ശരിയല്ല. ദേവസ്വം ബോര്‍ഡില്‍ മുസ്‌ലിംകളെ വെക്കാന്‍ പറ്റില്ല, ചര്‍ച്ചുകളില്‍ മറ്റു സമുദായങ്ങളെ വെക്കാന്‍ പറ്റില്ല, അതുപോലെതന്നെ വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ വരുന്നത് ശരിയല്ല എന്ന വാദം അന്നും ഇന്നും എന്നും മുസ്‌ലിം ലീഗിന് ഉണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു.
