മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു,ഭർത്താവിന്റെ നില ഗുരുതരം

കോട്ടയം: ളാക്കാട്ടൂരിൽ മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മരണത്തിന് കീഴടങ്ങി. ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഇവരുടെ മൂത്തമകൾ മരിയ തെരേസ തോമസ് (16) മരണപ്പെട്ടിരുന്നു. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ വൈകിട്ടോടെയായിരുന്നു അമ്മയുടെയും മരണം.

ജോസ്നയുടെ മ‍ൃതദേഹം ഇന്ന്  പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കും. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും. അതേസമയം, ജോസ്നയുടെ ഭർത്താവ് ജോബിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇവരുടെ ഇളയ മകനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീട് പൂട്ടിയ നിലയിൽ; പിൻവാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും വീടിനുള്ളിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ഉച്ചമുതൽ കോതനല്ലൂർ സ്വദേശിയായ ജോസ്നയുടെ സഹോദരൻ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ആരും ഫോൺ എടുത്തിരുന്നില്ല. സംശയം തോന്നിയ സഹോദരൻ വൈകിട്ടോടെ മറ്റപ്പള്ളിയിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുതിർന്ന മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും മകനെ കുട്ടികളുടെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *