മയക്കി കിടത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭർത്താവിനെ കൊന്ന് ഭാര്യയും കാമുകനും; ക്രൂര കൊലപാതകത്തിന് പിന്നിൽ രണ്ട് ലക്ഷ്യങ്ങൾ

ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ ഉറക്കഗുളിക നല്‍കി മയക്കി, പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റില്‍. 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, തങ്ങളുടെ ബന്ധം തുടരാനുമാണ് ഇരുവരും ചേർന്ന് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്.

ഹസ്തിനാപൂരിൽ ഭാര്യ ദാമിനിക്കൊപ്പം ‘കൃഷ്ണ കിഡ്‌സ് പ്ലേ സ്കൂൾ’ നടത്തിവന്നിരുന്ന അതുൽ പൻവാർ ആണ് കൊല്ലപ്പെട്ടത്. 2019-ലായിരുന്നു അതുലിന്റെയും ദാമിനിയുടെയും വിവാഹം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അതുലിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടക്കത്തിൽ പാമ്പുകടിയേറ്റുള്ള മരണമായി തോന്നിച്ചെങ്കിലും, സാഹചര്യങ്ങളിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇവര്‍ നടത്തുന്ന പ്ലേ സ്കൂളിലെ ഡ്രൈവറായ തുഷാർ എന്ന നിക്കിയുമായി ദാമിനി പ്രണയത്തിലായിരുന്നു. അതുലിനെ ഇല്ലാതാക്കാൻ ഇവർ മുന്‍പ് ഒരു റോഡപകടം ആസൂത്രണം ചെയ്തിരുന്നെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ പുതിയ പദ്ധതി തയ്യാറാക്കിയത്. പുറത്ത് നിന്ന് രണ്ടുപേരുടെ സഹായവും ഇരുവര്‍ക്കും ലഭിച്ചിരുന്നു. കൃത്യം നടന്ന ദിവസം ദാമിനി പാലിൽ ഉറക്കഗുളികകൾ കലർത്തി നല്‍കി അതുലിനെ അബോധാവസ്ഥയിലാക്കി. തുടർന്ന്, വിഷപ്പാമ്പിനെ അതുൽ കിടന്നിരുന്ന കട്ടിലിലേക്ക് തുറന്നുവിടുകയായിരുന്നു.

അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കുക, ഒപ്പം തങ്ങളുടെ ബന്ധത്തിന് തടസ്സമായ അതുലിനെ ഒഴിവാക്കുക എന്നിവയായിരുന്നു പ്രതികളുടെ ലക്ഷ്യങ്ങൾ. പാമ്പുകടിയേറ്റുള്ള മരണം സാധാരണമായതിനാൽ പൊലീസിന് യാതൊരു സംശയവും തോന്നില്ലെന്നാണ് പ്രതികൾ കരുതിയിരുന്നത്. എന്നാല്‍ അന്വേഷണത്തിന്‍റെ ഭാഗമായി ദാമിനിയുടെയും തുഷാറിന്റെയും മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. പ്രതിയായ തുഷാറും വിവാഹിതനാണെന്നും, ദാമിനിയോടൊപ്പം ജീവിക്കാൻ സ്വന്തം ഭാര്യയെ വിവാഹമോചനം ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *