ടാക്സിയായി ഓടുന്ന ഇരുചക്ര വാഹനങ്ങൾ നിർബന്ധമായും കൊമേഴ്സ്യൽ വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണമെന്ന് കോഴിക്കോട് ആർ.ടി.ഒ ജെബി ചെറിയാൻ. രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളാണോ കിട്ടിയതെന്ന് യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. ബൈക്ക് ടാക്സിക്കാരെ ആൾക്കൂട്ട വിചാരണ നടത്താൻ ഓട്ടോറിക്ഷക്കാർക്ക് അധികാരമില്ലെന്നും ആർ.ടി.ഒ മനോരമ ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
കൊമേഴ്സ്യൽ വാഹനങ്ങളായി മാറ്റാതെ യാത്രക്കാരിൽ നിന്നും പണം വാങ്ങി സർവീസ് നടത്തുന്ന നിരവധി ബൈക്കുകൾ കോഴിക്കോട് നഗരത്തിലുണ്ട് . ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സുരക്ഷിതത്വവുമുണ്ടാകില്ലെന്നും ആർടിഒ പറയുന്നു.
രജിസ്റ്റർ ചെയ്യാതെ ഓടുന്ന ബൈക്ക് ടാക്സികൾ ഉണ്ടെങ്കിൽ അക്കാര്യം മോട്ടോർ വാഹന വകുപ്പിനെ ഓട്ടോറിക്ഷക്കാർക്ക് അറിയിക്കാം. പക്ഷേ, അവരെ തടഞ്ഞുനിർത്തി വിചാരണ നടത്താൻ പാടില്ല. കൊമേഴ്സ്യൽ ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ആർടിഒ വ്യക്തമാക്കി.
അനധികൃതമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്സിക്കാർ തങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്നാണ് ഓട്ടോക്കാരുടെ ആക്ഷേപം.ടാക്സിയായി ഓടുന്ന ഇതേ വാഹനം തന്നെ, ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് എന്താണ് ഉറപ്പ് എന്നും ഓട്ടോക്കാർ ചോദിക്കുന്നു . എന്നാൽ നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് സർവീസ് നടത്തുന്നത് എന്നാണ് ബൈക്ക് ടാക്സിക്കാരുടെ വിശദീകരണം

