ലോകകപ്പ് ഫൈനലിനുശേഷമുള്ള കൂട്ടത്തല്ല്; അർജന്റീന താരങ്ങൾക്കെതിരെ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

2026 ലോകകപ്പ് ഫൈനലിന് ശേഷമുള്ള മത്സരക്കളത്തിലെ സംഘർഷങ്ങളിൽ അർജന്റീനാ താരങ്ങൾക്കെതിരെ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. ഫൈനലിൽ സ്പാനിഷ് താരങ്ങളുമായി ഏർപ്പെട്ട കയ്യേറ്റങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫിഫ ഡിസിപ്ലിനറി സമിതിയുടെ ഈ നടപടി.

അർജന്റീനാ പ്രതിരോധ താരം നഹുവൽ മൊളീന, മിഡ്ഫീൽഡർ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകനും മുൻ താരവുമായ ഫാബിയൻ അയാല എന്നിവർക്കെതിരെയാണ് ഫിഫ ഡിസിപ്ലിനറി ആക്റ്റിലെ ആർട്ടിക്കിൾ 36 പ്രകാരം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ താരങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

ഫൈനലിൽ സ്‌പെയിനിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ടിൽ വലിയ രീതിയിലുള്ള കൂട്ടത്തല്ലാണ് അരങ്ങേറിയത്. സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിനിടെ അർജന്റീന താരം മൊളീന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഇടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ലിയാന്ദ്രൊ പരദേസ് എറിക് ഗാർസ്യയുടെ കഴുത്തിൽ പിടിക്കുകയും, ഗാവിയെ ആക്രമിക്കുകയും ചെയ്തു. ഗാവിയെ തള്ളിയിട്ട പരദേസ്, ബാഴ്‌സലോണ മിഡ്ഫീൽഡർക്ക് നേരെ ബൂട്ട് എറിയുകയും ചെയ്തു. ഈ സംഭവങ്ങളെത്തുടർന്ന് പരദേസിന് റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കിയിരുന്നു. ഇതിനുപുറമെ, സ്പാനിഷ് താരം ഡാനി ഓൽമോയുടെ കഴുത്തിന് പിടിച്ച് ആക്രമിച്ച അർജന്റീനയുടെ സഹപരിശീലകൻ ഫാബിയൻ അയാലയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാനർ വിവാദവും അന്വേഷണ പരിധിയിൽ

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിനുശേഷമുള്ള അർജന്റീനാ താരങ്ങളുടെ ആഘോഷവും നിലവിൽ ഫിഫയുടെ അന്വേഷണ പരിധിയിലുണ്ട്. ‘മാൽവിനാസ്’ (ഫോക് ലാൻഡ് ദ്വീപുകൾ) അർജന്റീനയുടേതാണെന്ന് രേഖപ്പെടുത്തിയ ബാനർ ഉയർത്തിയായിരുന്നു അന്ന് അവർ വിജയം ആഘോഷിച്ചത്. ഫുട്‌ബോൾ ഗ്രൗണ്ടുകളിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ ഈ സംഭവത്തിലും അർജന്റീനാ ടീമിന് നടപടി നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, മത്സരശേഷം ട്രോഫി ദാന ചടങ്ങിനെത്താൻ അർജന്റീന വിസമ്മതിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *