തിരുവനന്തപുരം: സഹപാഠികളുടെയും സീനിയർ വിദ്യാർഥിനികളുടെയും ഫോട്ടോ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി.
മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് വയനാട് സ്വദേശിയായ ഏബൽ അഗസ്റ്റിൻ. ആദ്യമെടുത്ത കേസിൽ പ്രതിയായ ഏബലിന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് വിദ്യാർഥികൾ പ്രതിഷേധവുമവയി പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെയാണ് അറസ്റ്റിലേക്കും കടുത്ത വകുപ്പുകൾ ചുമത്തുന്നതിലേക്കും പൊലീസ് നീങ്ങിയത്. ക്രിമിനൽ കേസിൽ പ്രതിയായതോടെ ഏബലിനെ മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പുതിയ പരാതികൾ നൽകിയിട്ടും കേസെടുക്കാൻ മെഡിക്കൽ കോളേജ് പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ഒരേ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ വെവ്വേറെ കേസുകൾ എടുക്കാൻ കഴിയില്ലെന്നായിരുന്നു ന്യായീകരണം. മൊഴിയെടുക്കാതെ വിദ്യാർത്ഥിനികളെ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു.
തുടർന്ന് വിദ്യാർഥി സംഘടനകൾ വിഷയത്തിൽ ഇടപെട്ടതോടെ പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഒടുവിൽ അർധരാത്രി കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയാണ് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി അഞ്ച് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.

