കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ച് അമ്മ മുങ്ങി; ഫോൺ സ്വിച്ച് ഓഫ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയശേഷം സ്ഥലംവിട്ടത്.

പെൺകുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിതാ പോലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കുശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

കുഞ്ഞുമായി പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളേജിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എത്രയുംവേഗം കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുള്ള നടപടികൾ പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *