കോട്ടയം: ഇന്നലെ രാത്രിയിൽപ്പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഇടുക്കിയിലും കോട്ടയത്തും മൂന്ന് പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഭർത്താവും മകനും പരുക്കുകളോടെ രക്ഷപ്പെട്ടു. മകൻ സെന്റ്മേരീസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാറിൽ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. മണക്കാട്ട് ജോസഫിൻ ജോണി (24) ആണ് മരിച്ചത്, മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.
മഴയിൽ കോട്ടയത്ത് വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വീടുകളിൽ വെള്ളംകയറി. റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഗതാഗത തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. മൂന്നിലവിൽ ഉരുൾ പൊട്ടി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിൻറെ വീട് പൂർണമായും ഒലിച്ച് പോയി.
പത്തനംതിട്ടയിൽ എവിടെയും ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടർ അറിയിച്ചു, മണ്ണിടിച്ചിൽ ആണ് ഉണ്ടായതെന്നാണ് നിഗമനം. അച്ചൻകോവിലാർ കര കവിഞ്ഞു. അട്ടച്ചാക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. റാന്നിൽനിന്ന് വെള്ളം ആറൻമുള ഭാഗത്തേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പള്ളിയോടങ്ങൾക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു പെയ്തത്. മൂഴിയാർ ഡാം ഭാഗികമായി തുറന്നു. മണിയാർ ഡാമിലെ ഷട്ടറുകൾ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുകയാണ്.
മണിമല ആറ്റിൽ വെള്ളം കൂടിയതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണിമല ടൗൺ, മണ്ണനാണി, വാഴൂർ, മണിമല റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡും പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലും റോഡിൽ വെള്ളം കയറി. ഇടുക്കി മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
കോട്ടയം– കുമളി റോഡിലും ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും ഉൾപ്പെടെ കളക്ടർമാർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

