ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 130 പേരിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഒട്ടനവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷവും ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബൊഗോട്ടയില്‍ നിന്ന് 400 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചോക്കോ മേഖലയിലാണ് സംഭവമുണ്ടായത്. ഇവിടെ ഏകദേശം 4,800 പേരോളം താമസിക്കുന്ന സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ കണക്കനുസരിച്ച് 107 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം അയല്‍രാജ്യമായ ഇക്വഡോറിലും അനുഭവപ്പെട്ടു.
മരണപ്പെട്ടവരില്‍ 18 പേര്‍ പെരെര പട്ടണത്തില്‍ നിന്നുള്ളവരാണെന്ന് മേയര്‍ മൗറീഷ്യ സലാസര്‍ പറഞ്ഞു. പെരേര, കാലി, ക്വിബ്‌ഡോ എന്നീ നഗരങ്ങളില്‍ ഭൂചലനം ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബൊഗോട്ടയില്‍ നിന്ന് 300 കിലോമീറ്റര്‍ പടിഞ്ഞാറുള്ള മാനിസാലെസില്‍ ഒരു നിയോ-ഗോതിക് കത്തീഡ്രലിന്റെ ഗോപുരങ്ങളിലൊന്ന് തകര്‍ന്നുവീണു.
മധ്യ-പടിഞ്ഞാറന്‍ കൊളംബിയയില്‍ ടെംബ്ലോറുകള്‍ എന്നറിയപ്പെടുന്ന ചെറിയ ഭൂകമ്പങ്ങള്‍ സാധാരണമാണ്. എന്നാല്‍ 6.0 തീവ്രതയ്ക്ക് മുകളിലുള്ള ഭൂചലനങ്ങള്‍ അപൂര്‍വ്വമാണ്. അര്‍മേനിയ നഗരത്തിനടുത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,100 ലധികം പേര്‍ നേരത്തെ മരിച്ചിരുന്നു. ഭൂകമ്പം വിതച്ച നഷ്ടങ്ങള്‍ നേരിടാന്‍ സംസ്ഥാനം ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് കൊളംബിയയുടെ പുതിയ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയേല പറഞ്ഞു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. അതേസമയം, ചോക്കോയിലേക്കും മറ്റും ബോട്ടിലൂടെയും വിമാനത്തിലൂടെയും മാത്രം എത്താന്‍ സാധിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ഭൂകമ്പത്തില്‍ ആറ് വിമാനത്താവളങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ എയറോനോട്ടിക്‌സ് ഏജന്‍സി അറിയിച്ചു. പടിഞ്ഞാറന്‍ കൊളംബിയയിലെ ഈ വിമാനത്താവളങ്ങള്‍ പെരേര, മാനിസാലെസ്, ക്വിബ്‌ഡോ, അര്‍മേനിയ, കാര്‍ട്ടഗോ, ബ്യൂണവെഞ്ചുറ എന്നിവിടങ്ങളിലേക്ക് സേവനം നല്‍കുന്നവയാണ്.
കൊളംബിയയ്ക്ക് സഹായം നല്‍കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി യൂറോപ്യന്‍ യൂണിയന്‍ കോപ്പര്‍നിക്കസ് ഉപഗ്രഹ സേവനം നല്‍കിയിരിക്കുകയാണ്.
കൊളംബിയയില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് ഇതിന് പ്രധാന കാരണം. കൊളംബിയ സ്ഥിതി ചെയ്യുന്നത് നിരവധി ടെക്‌റ്റോണിക് പ്ലേറ്റുകള്‍ തമ്മിലുള്ള സങ്കീര്‍ണമായ അതിര്‍ത്തി മേഖലയിലാണ്.
കൊളംബിയയുടെ വലിയൊരു ഭാഗം ആന്‍ഡീസ് പര്‍വതനിരകളുമായി ബന്ധപ്പെട്ട സജീവ ഭൂഗര്‍ഭ മേഖലയിലാണ്. പ്ലേറ്റുകളുടെ തുടര്‍ച്ചയായ ചലനം ഭൂമിയുടെ പുറംപാളിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഈ സമ്മര്‍ദ്ദം വിവിധ വിള്ളലുകളിലും ഫാള്‍ട്ട് മേഖലകളിലും ശേഖരിക്കപ്പെടുകയും പിന്നീട് പെട്ടെന്ന് പുറത്തുവരികയും ചെയ്യുമ്പോഴാണ് ഭൂകമ്പം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കൊളംബിയയില്‍ ചെറിയ ഭൂചലനങ്ങള്‍ മുതല്‍ ശക്തമായ ഭൂകമ്പങ്ങള്‍ വരെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

