ഏഴു വയസ്സുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം ; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

തിരുവനന്തപുരം : ഏഴു വയസ്സുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമുലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്റ്റേഷൻ ഓട്ടോ ഡ്രൈവറുമായ സുധീർ ഇയാളുടെ രണ്ടാമത്തെ ഭാര്യയും വെള്ളറട സ്വദേശിയുമായ ലിന്റ മോൾ എന്നിവരെയാണ് വലിയതുറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടുദിവസമായി കുട്ടി സ്കൂളിൽ വരാത്തതിന് പിന്നാലെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

അധ്യാപകർ കുട്ടിയുടെ ചാക്ക കാരാളിയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന നിലയിൽ കാണുന്നത്. തുടർന്ന് ഉടനെ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും വലിയതുറ എസ് എച്ച് ഒ അശോക കുമാറിനെ വിവരം അറിയിക്കുകയും ആയിരുന്നു.

കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ അടിച്ചതിന്റെയും മർദ്ദിച്ചതിന്റെയും പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ജുവൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരിൽ അച്ഛനും രണ്ടാനമ്മയ്ക്കും എതിരെ വലിയതുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *