ഓണക്കാലത്തെ തിരക്ക്: സ്വർണ്ണാഭരണ മോഷണം തടയാൻ പ്രത്യേക ബോധവൽക്കരണവുമായി കോഴിക്കോട് സിറ്റി പോലീസ്

കോഴിക്കോട്: ഓണാഘോഷങ്ങളോടനുബന്ധിച്ച് വരും ദിവസങ്ങളിൽ നഗരത്തിൽ അനുഭവപ്പെടാനിടയുള്ള വലിയ തിരക്ക് കണക്കിലെടുത്ത്, സ്വർണ്ണമാലകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്നത് തടയാൻ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ-ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു.

ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ഷൗക്കത്തലി IPS ന്റെ നിർദ്ദേശപ്രകാരം സിറ്റിയിലെ മൂന്ന് സബ് ഡിവിഷനുകളിലെയും പ്രധാന ജംഗ്ഷനുകളിലും ബസുകളിലും പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി യാത്രക്കാർക്ക് ബോധവൽക്കരണം നൽകി.

ഇതിന്റെ ഭാഗമായി Kozhikode Medical College Police മെഡിക്കൽ കോളേജ് സബ് ഡിവിഷന് കീഴിലുള്ള മാവൂർ, കുന്നമംഗലം, മെഡിക്കൽ കോളേജ്, ചേവായൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ബസ് യാത്രക്കാർക്ക് സ്വർണ്ണമാലകൾ സേഫ്റ്റി പിൻ ഉപയോഗിച്ച് സുരക്ഷിതമായി ലോക്ക് ചെയ്യുന്ന രീതി നേരിട്ട് കാണിച്ച് നൽകുകയും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മെഡിക്കൽ കോളേജ് എ.സി.പി പ്രമോദിന്റെ നേതൃത്വത്തിലാണ് സബ് ഡിവിഷനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വരും ദിവസങ്ങളിലും ഈ സുരക്ഷാ കാമ്പയിൻ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *