കൊണ്ടോട്ടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തല്‍ വിനീത് കുമാറാണ് (45) അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നാല് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം 3.45ന് പുളിക്കലിനടുത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായ മൊറയൂര്‍ പഞ്ചായത്ത് സ്വദേശിയായ 27കാരിക്കാണ് ദുരനുഭവമുണ്ടായത്. ബസിലെ ജനറല്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തെത്തിയ വിനീത് കുമാര്‍ ലൈംഗികാതിക്രമം നടത്തുകയും നഗ്നത പ്രദര്‍ശനം നടത്തി അപമാനിക്കുകയുമായിരുന്നെന്നാണ് യുവതി പൊലീസില്‍ നല്കിയ പരാതി.

സംഭവമുണ്ടായയുടന്‍ യുവതി പ്രതികരിച്ചെങ്കിലും ബസ് പൊലീസ് സ്റ്റേഷനിലെത്തിക്കാന്‍ ജീവനക്കാര്‍ തയാറായില്ലത്രെ. തുടര്‍ന്ന്, പ്രതിയുടെ ഫോട്ടോ ഉള്‍പ്പെടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വയനാട് സ്വദേശിയാണെന്ന് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ വിനീത് കുമാര്‍ ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോടെത്തിയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

