ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ (Messi Kerala Visit ) നടന്ന സാമ്പത്തിക ഇടപാടുകളിലെ നികുതി വെട്ടിപ്പിൽ (Messi Kerala Visit Tax Evasion) നടപടിയെടുക്കുന്നതിൽ ഒരു ഉന്നത ഉദ്യോഗസ്ഥന് കൂടി വീഴ്ച സംഭവിച്ചതായി കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT). മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ ചാർജ് മെമ്മോ നൽകിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമെയാണ് മറ്റൊരു ഉദ്യോഗസ്ഥനെതിരെയും വീഴ്ച കണ്ടെത്തിയിരിക്കുന്നത്.

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നിന്ന് 22.68 കോടി രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. ഇടപാടുമായി ബന്ധപ്പെട്ട് ആദായനികുതിയും അടച്ചിട്ടില്ലെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്.
സ്പോൺസർക്ക് സമൻസ് അയച്ചതിന് ശേഷം ഏകദേശം ഏഴ് മാസത്തോളം കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പിനെ ഉദ്യോഗസ്ഥർ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും എസ്ഐടി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ സ്പോൺസറായി ഇടപാടിൽ ഉൾപ്പെട്ടിരുന്നത്. കമ്പനിയിൽ നിന്ന് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലാണ് നിലവിലെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
ജി.എസ്.ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളും നടപടിയെടുക്കുന്നതിലെ കാലതാമസവും പരിശോധിക്കാൻ എസ്ഐടി അന്വേഷണം നടത്തിയത്.
നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയിരുന്നു. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടുന്നു.
ഇവരെ കൂടാതെ മേൽനോട്ട ചുമതലയുണ്ടായിരുന്ന മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് ഇപ്പോഴത്തെ എസ്ഐടി കണ്ടെത്തൽ. ഇതോടെ അന്വേഷണത്തിൽ വീഴ്ച ചൂണ്ടിക്കാട്ടപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.

എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയും നടപടികളിലെ കാലതാമസവും റിപ്പോർട്ടിൽ വിശദീകരിക്കും.അതേസമയം, വിഷയത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥരും പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുമെന്നാണ് സൂചന.







