വീണ വിജയന്റെ വിദേശ പണമിടപാട്: ഫെമ ചട്ടലംഘന സാധ്യത പരിശോധിക്കുന്നു; അന്വേഷണം റിയാസിന്റെ സുഹൃത്തുക്കളിലേക്ക് !

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി, വിദേശത്തേക്ക് പണം അയച്ചതില്‍ ഫെമ ചട്ടലംഘനങ്ങള്‍ ഉണ്ടോ എന്നതിലും അന്വേഷണം. ദുബായിലേക്ക് വീണ ടി 85ലക്ഷം അയച്ചെന്നാണ് കണ്ടെത്തല്‍.

ദുബായിലേക്ക് 85 ലക്ഷം അയച്ചെന്ന് ഇഡി പിടിച്ചെടുത്ത, വീണയുടെ ഡയറിയിലുണ്ട്. ആര്‍ക്കാണ് പണം അയച്ചത്, എങ്ങനെയാണ് അയച്ചത്. എന്തിനാണ് അത് വിനിയോഗിക്കപ്പെട്ടത്, ഈ പണത്തിന്റെ ഉറവിടമെന്ത് തുടങ്ങിയ കാര്യങ്ങള്‍ ഇഡി പരിശോധിച്ചുവരികയാണ്.

വീണ മറ്റൊരാളുടെ സിം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഹവാല ഇടപാടുകള്‍ക്ക് വേണ്ടിയാണോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ ആയ നന്ദുലാല്‍ എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും വീണയുടെയും ആവശ്യപ്രകാരമാണ് സിം എടുത്തുനല്‍കിയതെന്നും എന്തിനാണ് ഇത് ഉപയോഗിക്കപ്പെട്ടതെന്ന് അറിയില്ലെന്നുമാണ് നന്ദുലാലിന്റെ മൊഴി.

ഇന്റര്‍നെറ്റ് കോളുകള്‍ക്ക് വേണ്ടിയാകാം വീണ മറ്റൊരാളുടെ സിം ഉപയോഗിച്ചതെന്നാണ് ഇഡി പറയുന്നത്. അനധികൃത പണമിടപാടുകള്‍ക്ക് വേണ്ടിയായിരിക്കാം ഇതെന്നും ഇഡി സംശയിക്കുന്നു. വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണയ്ക്ക് നോട്ടീസ് നല്‍കുമെന്നുമാണ് വിവരം. അതേസമയം പിഎ മുഹമ്മദ് റിയാസ് എംഎല്‍എ ഉള്‍പ്പടെയുളളവരെയും ഇഡി ചോദ്യം ചെയ്യും.

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍, ചൊവ്വാഴ്ച 8 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രസ്തുത രേഖകള്‍ സമഗ്രമായി പരിശോധിച്ച് വരികയാണ് ഇഡി ഉദ്യോഗസ്ഥര്‍.

ഇതിന് ശേഷം ആവശ്യമെങ്കില്‍ വീണ ടി അടക്കമുള്ളവരെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം. വീണയുടെ ഡയറിയില്‍ പരാമര്‍ശിക്കപ്പെട്ട എട്ട് വ്യക്തികളുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു ചൊവ്വാഴ്ച റെയ്ഡ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി നിഖില്‍ ഉള്‍പ്പടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിഖില്‍ അടക്കം നേതൃത്വം നല്‍കുന്ന സൊലസ് കമ്പനിയിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വീണ ടി, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് കമ്പനിയുടെ ഡയറക്ടര്‍മാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണോയെന്നത് ഉള്‍പ്പടെയുള്ളവയാണ് ഇഡി പരിശോധിക്കുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്തെത്തി.
പി നിഖിലിനെ പിന്‍തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. സിപിഎമ്മിനെതിരെ ഇഡിയുടെ വേട്ടയാടലാണ് നടക്കുന്നതെന്ന് പാര്‍ട്ടി ആരോപിക്കുന്നു.

മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം

മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്ത് നന്ദുലാലിന്റെ അപ്പാര്‍ട്ട്‌മെന്റിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഡിടിപിസി ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്ററാണ് നന്ദുലാല്‍.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

പി നിഖില്‍, നന്ദുലാല്‍ എന്നിവര്‍ക്ക് പുറമെ ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തി. ഇവരുമായി ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധന നടന്നു. വീണയുടെ ഐടി സ്ഥാപനമായിരുന്ന എക്‌സാലോജിക്കില്‍ നിന്ന് വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ടടക്കമാണ് അന്വേഷണം.

സേവനങ്ങളൊന്നും നല്‍കാതെയാണ് CMRL ഇത്രയും തുക മാസഗഡുക്കളായി വീണയുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതെന്നാണ് ആരോപണം.

അതേസമയം, കോഴിക്കോട്ടെ പാര്‍ട്ടി നേതാക്കളുടെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും വീടുകളില്‍ ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *