
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാലുപേരെ പോലീസ് പിടികൂടി. പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ് (48), പരപ്പിൽ സ്വദേശി രജാദ് (38), രാമനാട്ടുകര സ്വദേശി നന്ദകുമാർ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്‌നുൽ ഷാഹിം (22) എന്നിവരെയാണ് ടൗൺ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം എം.എസ്.പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെ മാനാഞ്ചിറ സ്ക്വയറിന് ഉള്ളിൽ എന്തോ പ്രശ്നം ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ ആറു പേർ ഒന്നിച്ചു നിൽക്കുന്നതായി കണ്ടു. ഇതിൽ രണ്ടു പേർ പൊലീസിനെ കണ്ട് ഓടിയതോടെ മറ്റു നാലു പേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കയ്യിലുണ്ടായിരുന്ന സിറിഞ്ച് കൊണ്ട് പൊലീസുകാരന്റെ വലതുകൈയിൽ കുത്തി പരുക്കേൽപ്പിച്ചത്. ഇതിനു പിന്നാലെ ഇവരും ഓടി മറയുകയായിരുന്നു. അതിക്രമത്തിനു പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം
ഇതിനിടെയാണ്, മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതു കൈയിൽ സംഘത്തിണ്ടായിരുന്ന ഒരാൾ സിറിഞ്ചുകൊണ്ട് കുത്തിയത്. തുടർന്ന് ഇവരും ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രിവിട്ടു.
പിടിയിലായവർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരും മോഷണം, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു.
