
സ്പായിൽ കയറി പരിശോധനയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ. മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് സസ്പൻഡ് ചെയ്തത്. സംഭവത്തിൽ തുടരന്വേഷണം നടത്തുന്നതിനായി പെരുവണ്ണാമുഴി സ്റ്റേഷൻ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 14-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അവധിയിലായിരുന്ന മുഹമ്മദ് ഫാസിൽ മഫ്തിയിൽ അടിവാരം എലിക്കാട് പ്രവർത്തിക്കുന്ന സ്പായിൽ പരിശോധനയ്ക്കെന്ന വ്യാജേന എത്തുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ ഭീതി സൃഷ്ടിച്ച് പണം ആവശ്യപ്പെടുകയും ജീവനക്കാർ 1500 രൂപ നൽകുകയും ചെയ്തു. ഇതിനുപുറമെയാണ് സ്പായിലെ ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിച്ചത്. പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
