
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലകളിലെ സംഘപരിവാർ നയങ്ങൾക്കെതിരെ കഴിഞ്ഞയാഴ്ച എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ജോയൽ.
കണ്ണൂർ കൃഷ്ണമേനോന്‍ സ്മാരക വനിത കോളജിൽ നിന്നാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സംഘം സ്ഥലത്തെത്തിയായിരുന്നു നടപടി. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ജോയൽ തോമസ്. വൈകാതെ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
സെക്രട്ടറിയറ്റ് മാർച്ച്, മാർച്ചിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, അതിനുശേഷം വീണ്ടും ഉപരോധം സംഘടിപ്പിച്ചു എന്നിങ്ങനെ മൂന്ന് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 30 പേരെയാണ് പ്രതിചേർത്തത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു.
