ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാര​ല്ലെന്ന് ഹൈകോടതി; ‘ആളെക്കൊല്ലാൻ അവകാശമുള്ളവരെ പോലെ പെരുമാറരുത്’

കൊച്ചി: ബസ് ഡ്രൈവർമാർ റോഡിന്‍റെ തമ്പുരാക്കന്മാരല്ലെന്ന് ഹൈകോടതി. ഭാരവാഹനം ഓടിക്കുന്നുവെന്നതിനാൽ അങ്ങനെയൊരു അർഥമില്ല. ഭാരവാഹനങ്ങൾ ആവശ്യമാണെന്നതിൽ തർക്കമില്ല. എന്നാൽ, ആളെക്കൊല്ലാനും പരിക്കേൽപ്പിക്കാനും അവകാശമുള്ളവരെ പോലെ അതിലെ ഡ്രൈവർമാർ പെരുമാറരുത്.

സമയത്തിന്‍റെ കാരണം പറഞ്ഞ് തന്നിഷ്ട പ്രകാരമാണ് ഇവർ വാഹനമോടിക്കുന്നത്. റോഡിൽ കാൽനടക്കാർക്കും ചെറിയ വാഹനങ്ങൾക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇടതുവശത്തുകൂടെ വാഹനമോടിക്കണമെന്ന് നിയമമുള്ള നാട്ടിൽ സ്വകാര്യ ബസുകൾക്ക് എങ്ങനെയാണ് തോന്നുംപടി ഓവർടേക്ക് ചെയ്യാൻ കഴിയുക?. നഗരത്തിലെ അപകടങ്ങൾക്ക് കാരണം അമിതവേഗമല്ല, അശ്രദ്ധയാണ്. അശ്രദ്ധമായ ഡ്രൈവിങ് മൂലമുള്ള അപകടങ്ങളും കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി അതിക്രമം കാട്ടിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വിമർശനം.

അശ്രദ്ധമൂലം എത്രയോ അപകടങ്ങളാണുണ്ടാകുന്നത്. ദേശീയപാതയിൽ എട്ടു കുട്ടികൾ മരിച്ചു. മാന്യമായ ഡ്രൈവിംഗ് സംസ്കാരമുണ്ടാകണം. കുട്ടികളും പ്രായമേറിയവരുമടക്കം വീട്ടിൽ നിന്നിറങ്ങുന്ന നമ്മളെല്ലാരും മടങ്ങിയെത്തണമെന്നാണ് ആഗ്രഹം. റോഡ് സുരക്ഷക്ക് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ അസി. കമീഷണർ കോടതിയിൽ നൽകിയ റിപ്പോർട്ട് പ്രകാരമുള്ള നടപടികളുടെ സ്ഥിതി എന്താണെന്ന് കോടതി ചോദിച്ചു.

ബസ് ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷനും സ്വഭാവ സർട്ടിഫിക്കറ്റും നിയമ ലംഘനങ്ങൾ സംബന്ധിച്ച് അറിയിക്കാൻ ബസുകളിൽ വാട്സാപ് നമ്പർ, ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കിയോ എന്ന് കോടതി ചോദിച്ചു. നിർദേശങ്ങൾ നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, റിപ്പോർട്ട് പ്രകാരം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് കമീഷണർക്ക് നിർദേശം നൽകി. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *