കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടര ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കോട്ടയം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബിഷപ്പ് വീണ്ടും അന്വേഷണസംഘത്തിന് മുമ്ബാകെ ഹാജരായത്. കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ മൊഴി വിവിധ സംഘങ്ങളായി തിരിഞ്ഞ് വിശദമായി പരിശോധിച്ച അന്വേഷണസംഘം ഇന്ന് ക്രോസ് വിസ്താരരീതിയിലാണ് ബിഷപ്പിനോട് ചോദ്യങ്ങള്‍ ചോദിച്ചത്, കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ബിഷപ്പിന്റെ മൊഴി തൃപ്തികരമല്ലാതാവുകയും തെളിവുകള്‍ എതിരാവുകയും ചെയ്തതോടെ അറസ്റ്റ് അനിവാര്യമായത്. ഇക്കാര്യം എസ്.പി ബിഷപ്പിനെ അറിയിച്ചു. പഞ്ചാബ് പൊലീസിനേയും അവിടത്തെ അഭിഭാഷകനേയും പൊലീസ് ഇക്കാര്യം അറിയിച്ചു. പിന്നാലെ റിമാന്‍ഡ് റിപ്പോര്‍ട്ട് രേഖപ്പെടുത്തുകയും ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലില്‍ പുരോഗതിയുണ്ടെന്നും ബിഷപ്പില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *