കുമരകം: ഭക്ഷണം നല്‍കാതെ ഭര്‍തൃമാതാവിനെ പതിവായി വീട്ടില്‍ പൂട്ടിയിട്ടു മുങ്ങുന്ന മരുമകളെ അയല്‍വാസികള്‍ തടഞ്ഞുവെച്ചു. കുമരകം ഉമ്മാച്ചേരി റോഡില്‍ മൃഗാശുപത്രിക്കു സമീപത്ത് ശനിയാഴ്ച രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അഴിത്തറ (സ്രാന്‍പിച്ചിറ) ഗൗരിയമ്മ (92) യെയാണ് മരുമകള്‍ വിജി വീട്ടില്‍ തനിച്ചാക്കി വിടും പൂട്ടി പോകുന്നത്.

കുമരകം ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം തയ്യല്‍കടയില്‍ ജോലി ചെയ്യുകയാണ് വിജി. ഗൗരിയമ്മയുടെ മകന്‍ ഗോപി ദാസും ഭാര്യ വിജിയുമായുള്ള പിണക്കമാണ് വൃദ്ധമാതാവിന് വിനയായതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഗൗരിയമ്മക്ക് രണ്ട് പെണ്‍മക്കള്‍ കൂടി ഉണ്ട്. ഐഷമ്മയും ശോഭയും. ഐഷമ്മയെ മുഹമ്മ കഞ്ഞിക്കുഴിയിലും ശോഭയെ കൊല്ലാട്ടുമാണ് വിവാഹം ചെയ്തയച്ചത്.

പലപ്പോഴും ഐഷമ്മ മാതാവിനെ സ്വന്തം വീട്ടില്‍ കൊണ്ടു പോയും കുമരകത്തെ സ്വന്തം വീട്ടിലെത്തിയും ശുശ്രൂഷിക്കുന്നുണ്ട്. വീട് തുറന്നിട്ടിട്ട് വിജി പോയാല്‍ ഈ വൃദ്ധമതാവിന് ഭക്ഷണം കൊടുക്കാന്‍ തയാറാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുമരകം പോലീസ് വിജിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *