കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസ് കുറ്റപത്രം നല്‍കിയ മൂന്ന് കേസുകളും തുടര്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. കേസിലെ പ്രതി സൗമ്യ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്ത കേസും അന്വേഷണ പരിധിയില്‍ വരും. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മറ്റൊരാളാണെന്ന് സൗമ്യ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് ചുമതല.
സൗമ്യയുടെ മകള്‍ ഐശ്വര്യ(9), അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല എന്നിവരാണ് ആഴ്ചകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ഇവരെ സൗമ്യ എലിവിഷം നല്‍കി കൊന്നതാണെന്നാണ് പൊലീസ് കേസ്. കാമുകനൊപ്പം ജീവിക്കാന്‍ തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.
സൗമ്യയുടെ ആത്മഹത്യക്ക് ശേഷം അവരുടെ കുടുംബമാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തുടക്കം മുതല്‍ അന്വേഷിക്കും.
