
കാക്കനാട്: ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ വിളിച്ചിറക്കി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ജയശ്രീയ്ക്ക് (42) ആണ് ഭർത്താവിന്റെ ക്രൂരതയിൽ ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ അനിൽകുമാറിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഒൻപതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങളും അക്രമവും അരങ്ങേറിയത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് അനിൽകുമാർ തീകൊളുത്തുകയാണ് ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു.
കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരനാണ് അനിൽകുമാർ. ഈ ആശുപത്രിയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ജയശ്രീയെ ഹോസ്റ്റലിൽ താമസിപ്പിച്ചതെന്ന് താമസക്കാർ പറയുന്നു. ജയശ്രീ അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. ഇവർക്കിടയിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
അനിൽകുമാർ തീ കൊളുത്തിയതിനെ തുടർന്ന് ജയശ്രീക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ജയശ്രീയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് തീയണയ്ക്കുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. ജയശ്രീയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. സംഭവസ്ഥലത്തും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി.
