വാഷിംങ്ടണ്‍: കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരെയായിരുന്നു ഇടപെടലെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ ആറിന് അമേരിക്കയില്‍ നടന്ന അര്‍ധ വാര്‍ഷിക തെരഞ്ഞെടുപ്പിലാണ് ചൈന ഇടപെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എന്‍ പൊതുസഭയില്‍ അറിയിച്ചത്. നവംബറില്‍ വരാന്‍ പോകുന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പിലും ചൈന ഇടപെടുമെന്നാണ് അമേരിക്കക്ക് ലഭിച്ച രഹസ്യ വിവരമെന്നും ട്രംപ് സൂചിപ്പിച്ചു.

വ്യാപാരമേഖലയില്‍ ചൈനയെ വെല്ലുവിളിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് താനാണെന്നും, അതിനാല്‍ താന്‍ ജയിക്കാന്‍ ചൈന അനുവദിക്കില്ലെന്നുമാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. ഇന്നലെയും ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അമേരിക്ക ഉന്നയിച്ചത്.

വ്യാപാരമേഖലയില്‍ ചൈനയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, ഇരുപത് വര്‍ഷത്തിനിടെ ചൈനയുമായുള്ള വ്യാപാരത്തില്‍ അമേരിക്കയ്ക്ക് 13 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും വ്യക്തമാക്കി. എന്നാല്‍ ഇവയോടൊന്നും ഔദ്യോഗികമായി ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *