
ആലപ്പുഴ: മെഡിക്കൽ കോളേജിൽ അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനായി എത്തിയ ആൾ സ്വർണ്ണമാല മോഷ്ടിച്ചു. സംഭവത്തിൽ പ്രതി മണിക്കൂറുകൾക്കകം തന്നെ അമ്പലപ്പുഴ പോലീസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്ക്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാം എന്ന് വ്യാജേനയാണ് ഇയാൾ ഓട്ടോയിൽ ഇവർക്കൊപ്പം കയറി കൂടിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് മാല മോഷ്ടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്.
മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ എന്ന പേരിലാണ് ഇയാൾ ഓട്ടോറിക്ഷയിൽ രോഗിക്കൊപ്പം കയറിയത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പരിക്കേറ്റയാളുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാല നഷ്ടപ്പെട്ടു എന്ന് അറിഞ്ഞ ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ആശുപത്രി പരിസരത്തും സമീപപ്രദേശങ്ങളിലും ഉള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനുള്ളിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു പിടികൂടിയത്. തുടർന്ന് കുറവന്തോട് ജംഗ്ഷനിൽ വച്ച് പോലീസ് സംഘം ഇയാളെ സാസികമായി പിടികൂടുകയായിരുന്നു. അതേസമയം പിടിയിലായ അഷ്കർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.
