
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടികൾ പുനരാരംഭിക്കാൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ആണവേതര ബോംബായ ‘മദർ ഓഫ് ഓൾ ബോംബ്’ ഇറാനെതിരെ പ്രയോഗിക്കുന്ന കാര്യം പെൻ്റഗൺ ആലോചിക്കുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്കും ആണവ നിലയങ്ങൾക്കും നേരെ ഈ ബോംഗ് പ്രയോഗിക്കാനാണ് ആലോചന എന്നാണ് റിപ്പോർട്ടുകൾ. ഇറാനെതിരെ ഇതുവരെ ഈ ബോംബ് അമേരിക്ക ഉപയോഗിച്ചിട്ടില്ല. ഇത് പ്രയോഗിച്ചാൽ യുദ്ധം കൂടുതൽ രൂക്ഷമായേക്കും.
അതേസമയം അമേരിക്ക ആഗ്രഹിക്കുന്ന തന്ത്രപരമായ നേട്ടങ്ങൾ ഇതിലൂടെ ലഭിക്കുമോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. വലിയ പ്രഹരശേഷിയുള്ള ആയുധമാണെങ്കിലും ഇറാനിലെ ഭൂമിക്കടിയിലുള്ള ആണവ കേന്ദ്രങ്ങളെ തകർക്കാൻ ഈ ബോംബ് അനുയോജ്യമാകില്ലെന്നാണ് സൈനിക വൃത്തങ്ങളുടെ വിലയിരുത്തൽ. ആഴത്തിലുള്ള ഭൂഗർഭ ബങ്കറുകളെ തുളച്ചുകയറി തകർക്കാൻ ശേഷിയുള്ള ബോംബല്ല ഇതെന്നും, മറിച്ച് ഉപരിതലത്തിലെ ഒരു വലിയ പ്രദേശത്തെ ഒരേസമയം തകർക്കാൻ മാത്രമാണ് ഇത് ഉപകരിക്കുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകളെല്ലാം നിലവിൽ വഴിമുട്ടി നിൽക്കുകയാണ്. അടുത്തിടെ സൈനിക നീക്കങ്ങൾ കുറച്ച അമേരിക്ക സാമ്പത്തിക സമ്മർദ്ദങ്ങളിൾ ശക്തമാക്കിയിരുന്നു. എന്നാൽ യുദ്ധത്തിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചില്ലെങ്കിലും, വലിയൊരു ആക്രമണത്തിലൂടെ ശക്തി തെളിയിച്ച് യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള വഴികളാണ് സൈനിക ഉദ്യോഗസ്ഥർ ട്രംപിന് മുന്നിൽ വെക്കുന്നത് എന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
നവംബറിൽ നടക്കാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിൻ്റെ ജനപ്രീതി കുറഞ്ഞുവരുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. യുദ്ധം കാരണം ഉണ്ടായ ഇന്ധനവില വർധനയും വിലക്കയറ്റവും ജനങ്ങൾക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ആക്രമണം നടത്തി അത് പരാജയപ്പെട്ടാൽ വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകും. കൂടാതെ ഇത്രയും പ്രഹരശേഷിയുള്ള ബോംബ് പ്രയോഗിച്ചാൽ സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് 2017 ഏപ്രിലിൽ അഫ്ഗാനിസ്ഥാനിലെ ഐ.എസ് ഭീകരരുടെ തുരങ്കങ്ങൾക്കും ഒളിത്താവളങ്ങൾക്കും നേരെയാണ് യു.എസ് സൈന്യം ആദ്യമായി ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിച്ചത്.
