‘ഫ്രാൻസ് കത്തുകയാണ്! തികച്ചും വ്യത്യസ്തമായ ലോകത്തുനിന്നുള്ള, ഉള്ളിൽ വിദ്വേഷം കൊണ്ടുനടക്കുന്ന മനുഷ്യരുടെ കുടിയേറ്റം ” കുടിയേറ്റക്കാർ ആ രാജ്യത്തെ തകർത്തു’: അതിർത്തികൾ അടയ്ക്കാൻ ആഹ്വാനം ചെയ്‌ത് ട്രംപ്

ഫ്രാൻസിലെ പാരിസ്, മാഴ്സെ, നീസ്, ലില്ലി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ പ്രതിഷേധങ്ങൾ തെരുവ് യുദ്ധത്തിലേക്കും വൻ കൊള്ളയിലേക്കും വഴിമാറിയതിനു പിന്നിൽ ‘കുടിയേറ്റ’മാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഫ്രാൻസ് കത്തുകയാണ്! തികച്ചും വ്യത്യസ്തമായ ലോകത്തുനിന്നുള്ള, ഉള്ളിൽ വിദ്വേഷം കൊണ്ടുനടക്കുന്ന മനുഷ്യരുടെ കുടിയേറ്റം, ഒരിക്കൽ മഹത്തരമായിരുന്ന ആ രാജ്യത്തെ തകർത്തെറിഞ്ഞിരിക്കുന്നു. ഏറെ വൈകിപ്പോകുന്നതിന് മുൻപ്, നിങ്ങളുടെ അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കൂ’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഫ്രാൻസിലെ പ്രമുഖ നഗരങ്ങളെല്ലാം അക്രമികളുടെ പിടിയിലമർന്നു. രാജ്യം വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. മുഖംമൂടി ധരിച്ച അക്രമിസംഘങ്ങൾ തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും കടകൾ വ്യാപകമായി തല്ലിത്തകർത്ത് കൊള്ളയടിക്കുകയും ചെയ്തതോടെ പാരിസിലെ പല തെരുവുകളും പൂർണമായും തകർക്കപ്പെട്ടതായി മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ പറഞ്ഞു. ഇതുവരെ 1,800 പേരെ അറസ്റ്റ് ചെയ്തതായും അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരുക്കേറ്റതായും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.

പാരിസ്, മാഴ്സെ, നീസ്, ലില്ലി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, വസ്ത്ര-ഇലക്ട്രോണിക്സ് കടകൾ എന്നിവ അക്രമിസംഘങ്ങൾ ആസൂത്രിതമായി കൊള്ളയടിച്ചു. മാസ്കും ഗ്ലൗസും ധരിച്ചെത്തിയ സംഘങ്ങൾ ആദ്യം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷമാണ് കടകൾ തകർത്തത്. ലിമോഗസ് നഗരത്തിലെ 140 വർഷം പഴക്കമുള്ള ടൗൺ ഹാൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *