വിജയദശമിദിനത്തിൽ വിദ്യയുടെ ലോകത്തേക്ക്  കൈപിടിച്ച് പതിനായിരങ്ങൾ

അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകൾ വിദ്യയുടെ ലോകത്തേക്ക് ചുവടുവയ്‌ക്കുന്ന വിജയദശമി ദിനം ഇന്ന്. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ശുഭദിനത്തിൽ സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.

അരിയിൽ വിരൽകൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന് എഴുതി അറിവിന്റെ ലോകത്തേക്ക് പിച്ചവയ്‌ക്കുന്നതാണ് വിദ്യാരംഭത്തിന്റെ പ്രധാന ചടങ്ങ്. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നത് അത്യന്തം ശുഭകരമായാണ് കരുതുന്നത്.

വിദ്യാദേവതയായ സരസ്വതിയെയും അധർമത്തെ തോൽപ്പിച്ച് ധർമം പുനഃസ്ഥാപിക്കുന്ന ദുർഗാദേവിയെയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയെയും ഒരുമിച്ച് ആരാധിക്കുന്ന ദിനം കൂടിയാണ് വിജയദശമി. നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും പ്രത്യേക പൂജകളും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.

ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണകൾ നിലനിൽക്കുന്ന തിരൂർ തുഞ്ചൻപറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പൂജപ്പുര സരസ്വതി മണ്ഡപം തുടങ്ങിയ കേന്ദ്രങ്ങൾ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രസിദ്ധമാണ്.

ഇവയ്‌ക്കു പുറമേ എറണാകുളം ജില്ലയിലെ അവണംകോട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രം, കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾക്ക് നിരവധി ഭക്തർ എത്തുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ദേവീക്ഷേത്രം, ആര്യശാല ഭഗവതി ക്ഷേത്രം, ചെന്തിട്ട ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നിവിടങ്ങളിലും ചടങ്ങുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സാംസ്കാരിക രംഗത്തെ പ്രമുഖരും ആചാര്യന്മാരും ഗുരുക്കന്മാരും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകും.

Leave a Reply

Your email address will not be published. Required fields are marked *