ബൈക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ യുവാവിന്റെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തി; പ്രതി അറസ്റ്റിൽ

മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റില്‍നിന്ന് എം.ഡി.എം.എ കണ്ടെത്തി. പട്ടാമ്പി ആമയൂര്‍ ചിരങ്ങന്‍തൊടി വീട്ടില്‍ സിബിന്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 21.42 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.

എടപ്പാളില്‍വെച്ചാണ് സിബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായ പരിശോധനക്കിടെയാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് പൊതി കണ്ടെത്തി. ഇത് ലഹരിമരുന്നാണെന്ന് ഡോക്‌ടർക്ക് സംശയം തോന്നി. വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തി. പൊതിയിലുള്ളത് എം.ഡി.എം.എയാണെന്ന് സ്ഥിരീകരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

എം.ഡി.എം.എ ലഭിച്ചത് എവിടെ നിന്ന്, ലഹരിമരുന്ന് വിൽപ്പനയാണോ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഇയാളുടെ ലഹരി മാഫിയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ യാത്രാവിവരങ്ങളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടത്തിൽ പ്രതിക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇയാൾ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *