
പിറവം / കോഴിക്കോട്: മലേഷ്യയിലെ റവാങ്ങിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരിൽ 2 മലയാളികളും. മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണു മരിച്ചത്. കാണാതായ 8 പേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ദീപാവലി അവധി ആഘോഷിക്കുന്നതിനായി അനീഷും ലിനിലും റവാങ്ങിലെ തടാകത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. 7 വർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അനീഷ് ഒരു മാസം മുൻപു സഹോദരന്റെ ഗൃഹപ്രവേശനത്തിനു നാട്ടിൽ എത്തിയിരുന്നു. ഭാസ്കരന്റെയും സുജാതയുടെയും മകനാണ്. ഭാര്യ: സി.എസ്.രേഷ്മ. മകൻ: ഭവദേവ്.
മലേഷ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ലിനിൽ, നാരായണന്റെയും രുഗ്മിണിയുടെയും മകനാണ്. ഭാര്യ: ജേഷ്മ. മക്കൾ: വിഷ്ണു വേദ്, വരുൺ വേദ്. മൃതദേഹങ്ങൾ റവാങ്ങിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിൽ കുടുങ്ങിയ മറ്റ് 19 പേരെ രക്ഷപ്പെടുത്തി.
