
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ സൺഷെയ്ഡ് തകർന്നു വീഴുകയായിരുന്നു. തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം.
സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വീടിന്റെ ഒന്നാംനിലയിലെ സൺഷെയ്ഡിനോട് ചേർന്നുള്ള ഭാഗത്ത് പട്ടിക അടിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടയിൽ സൺഷെയ്ഡിനെ താങ്ങി നിർത്തിയിരുന്ന പലക പൊട്ടിവീഴുകയും തുടർന്ന് കോൺക്രീറ്റ് ബീമുകളും ചെങ്കല്ലുകളും തൊഴിലാളികളുടെ മേലേക്ക് പതിക്കുകയുമായിരുന്നു. മുകളിൽനിന്നുള്ള വീഴ്ചയിലും അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടുമാണ് രജനിത്ത് മരിച്ചത്.
അപകടശബ്ദം കേട്ട് മറ്റുതൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അവശിഷ്ടങ്ങൾ മാറ്റിയപ്പോഴേക്കും രജനിത്ത് മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.











വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.