മലപ്പുറം: ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ ജമാ അത്ത് ഉൾ മുജാഹിദ്ദീൻ പ്രവർത്തകൻ മലപ്പുറത്ത് പിടിയിൽ. മലപ്പുറം മഞ്ചേരിയിലെ കാരക്കുന്നിൽ പള്ളിയിൽ ഇമാമായി പ്രവർത്തിക്കുകയായിരുന്ന അബ്ദുൾ ആണ് പിടിയിലായത്. 2014ൽ ബംഗാളിലെ ബർദ്വാനിൽ സ്ഫോടനം നടത്തിയ കേസിലെ പ്രതികളിലൊരാളാണ് ഇയാൾ. പശ്ചിമ ബംഗാൾ പോലീസും മലപ്പുറം പോലീസും സംയുക്തമായാണ് ആസാം സ്വദേശിയാ ഇയാളെ പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസിലെ മറ്റ് രണ്ട് പ്രതികളെ ഇന്നലെ ബംഗാളിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബർദ്വാനിൽ ഒക്ടോബർ രണ്ടിനുണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് മരിച്ചത്.
