ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്ന് കലാഭവന്‍ സോബി പറഞ്ഞു. ഇക്കാര്യം ആദ്യം ഗായകന്‍ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നു.
മധു ബാലകൃഷ്ണന്‍ വിവരം മാനേജര്‍ പ്രകാശ് തമ്പിയെ അറിയിക്കാന്‍ പറഞ്ഞു. മാനേജരെ വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ല. പൊലീസിന് മൊഴി നല്‍കാന്‍ തയ്യാറാണെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പെട്ട് പത്ത് മിനുറ്റിന് ശേഷം സോബി അതുവഴി കടന്നുപോയിരുന്നു. കോതമംഗലം സ്വദേശിയായ സോബി തിരുനെല്‍വേലിക്കായിരുന്നു യാത്ര പോയിരുന്നത്. ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കി. ബാലഭാസ്‌കറാണ് അപകടത്തില്‍ പെട്ടതെന്ന് പിന്നീടാണ് സോബി അറിയുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദുരൂഹതയേറിയിരുന്നു. ഇതിന് പിന്നാലെയാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും വരുന്നത്.

