ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ആവശ്യപ്പെട്ടു. അപകടത്തിന് ശേഷം ആശുപത്രിയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചത് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയാണെന്ന് ബാലഭാസ്കറിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.

കലാഭവന്‍ സോബി അടക്കമുള്ളവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രകാശന്‍ തമ്പിയെയും വിഷ്ണുവിനെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍ ഇതിന് ഒട്ടനവധി സാങ്കേതിക പ്രശ്നങ്ങളുണ്ട്. ബാലഭാസ്കറിന്റെ മാനേജറായിരുന്ന പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങണമെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ കൃത്യമായ തെളിവുകള്‍ വേണം. പ്രകാശന്‍ തമ്പിയെ സ്വര്‍ണ കടത്ത് കേസില്‍ ചോദ്യം ചെയ്യാനായി സി.ബി.ഐ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇക്കാര്യം ചോദിച്ചറിയാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്.

ഇതേ കേസില്‍ ഡി.ആര്‍.ഐ കസ്റ്റഡിയിലുള്ള വിഷ്ണുവിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണിയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *