കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ 744 ലിറ്റര്‍ വ്യാജ കള്ളുമായി എസ്.എന്‍.ഡി.പി നേതാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ് എന്‍ ഡി പി അസിസ്റ്റന്‍റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന്‍ ചെയര്‍മാനുമായ അശോകനെയാണ് അറസ്റ്റ് ചെയ്തത്. അശോകന്‍റെ കാരന്തൂര്‍ കൊളായിത്താഴത്തെ വീടിനോട് ചേര്‍ന്നുള്ള ഷെഡിനകത്തായിരുന്നു വ്യാജക്കള്ള് നിര്‍മാണം നടത്തിയത്.
എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് അശോകന്‍ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആണ് 744 ലിറ്റര്‍ വ്യാജ കള്ള് കണ്ടെടുത്തത്. ഔട്ട് ഹൗസില്‍ നിന്നും 2 ബൊലേറോ ജീപ്പുകളില്‍ നിന്നുമാണ് വ്യാജകള്ള് കണ്ടെത്തിയത്. കള്ളുണ്ടാക്കാന്‍ സംഭരിച്ച 300 ലിറ്റര്‍ പഞ്ചസാര ലായനിയും 10 കിലോ പഞ്ചസാരയും കണ്ടെടുത്തു.
