തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വേണ്ടി വന്‍തുക ചെലവായെന്ന കണക്കുകള്‍ പുറത്തു വന്നതോടെ അതു വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സഭയില്‍ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ് താന്‍ വരുത്തിവച്ച തുക തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്തെത്തി. ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നല്‍കിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കില്‍ അത് വേണ്ടെന്ന് വച്ചേനെയെന്നും താന്‍ വരുത്തിയ നഷ്ടം നികത്തുന്നതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോഹന്‍ റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്‌നേഹപൂര്‍വ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *