കോട്ടയം:കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷി കൂടിയായ കന്യാസ്ത്രീയാണ് മഠത്തില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ കടന്നുപിടിച്ചെന്നും വിഡിയോ കോള്‍ വഴി അശ്ലീലസംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മൊഴി നല്‍കിയത്.ബിഷപ്പിന് കീഴിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീയാണ് മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
തന്റെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനെന്ന് പറഞ്ഞ് ബിഷപ്പ് ഫ്രാങ്കോ ഇദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ കടന്നുപിടിച്ചതെന്നു കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു.
അതേസമയം,ബിഷപ്പിനെതിരെ പരാതിപ്പെടാന്‍ തനിക്ക് ഭയമായിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍, കന്യാസ്ത്രീയുടെ മൊഴിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.
കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കാത്തതുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്.
2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പീഡന പരാതി ഉണ്ടായത്. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.
2020-02-21

